കുടുംബത്തിനു നേരെ വടിവാൾ ആക്രമണം; 6 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർക്ക് പരുക്ക്


കൊട്ടാരക്കരയില്‍ കുടുംബത്തിനു നേരെയുള്ള വടിവാൾ ആക്രമണത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ 4 പേർക്ക് പരുക്ക്. വെള്ളാരംക്കുന്നിൽ ചരുവിള പുത്തൻ‌വീട്ടിൽ അരുൺ, പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. പള്ളിക്കല്‍ മൈലം മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. 

ആറു മാസം പ്രായമുള്ള അരുണിന്റെ കുഞ്ഞിനു നേരെ വടിവാൾ വീശിയപ്പോൾ കുഞ്ഞുമായി അരുൺ താഴേക്ക് വീഴുകയായിരുന്നു. കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് 3 പേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ‌. ആക്രമണം നടത്തിയ 2 പേരും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

أحدث أقدم