അബുദാബി ബിഗ് ടിക്കറ്റ്പ്ര തിവാര
നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം മലയാളി സംഘങ്ങൾക്ക്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒമാനിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്ററായ രമേശ് ധനപാലൻ (49), റാഷിദ് പുഴക്കര എന്നിവർക്ക് 59 ലക്ഷം രൂപ (രണ്ടര ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന രമേശ് കഴിഞ്ഞ 6 വർഷമായി ഓൺലൈനിലൂടെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. 27 സുഹൃത്തുക്കൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് ഓരോ മാസവും സ്ഥിരമായി ടിക്കറ്റുകൾ വാങ്ങിയിരുന്നത്.
സമ്മാനവിവരം കൈമാറാൻ ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺ കോൾ ലഭിച്ചപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് രമേശ് പറഞ്ഞു. ഈ വിജയം എന്റെ മാത്രമല്ല; 54 സുഹൃത്തുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതൊരു നേട്ടമാണ്.
കഴിഞ്ഞ 15 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന റാഷിദ് പുഴക്കര ആറ് മാസം മുൻപാണ് ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം തുടങ്ങിയത്. ഇതിനായി 20 സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ ചേർന്നു. ഈ സമ്മാനം അവരോടൊപ്പം പങ്കിടും. ഞാൻ അതിയായ സന്തോഷത്തിലാണ്. സമ്മാനം നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് റാഷിദ് പറഞ്ഞു.