വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചതായി യുവസംരഭകന്‍ അല്‍ അമീന്‍ പറയുന്നു.ഉമ്മയ്ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് ഇദ്ദേഹം. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്സണ്‍, 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആര്‍ടിഒ വാങ്ങി.
കടയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്ന് കരാർ ഒപ്പിട്ടു. പിന്നീട് ആർടിഒ, ഭാര്യയുടെയും അല്‍ അമീന്‍റെയും പേരില്‍ ജിഎസ്ടി റജിസ്ട്രേനും ജോയിന്‍റ് അക്കൗണ്ടുമടക്കം തുടങ്ങി. എന്നാല്‍ കച്ചവടം പൊടിപൊടിച്ചിട്ടും അൽ അമീന് പണം തിരികെ നല്‍കിയില്ല. വിറ്റ് വരവ് കണക്കുകള്‍ മൂടിവച്ചുവെന്നാണ് ആരോപണം. സഹികെട്ട് തൻ്റെ പണം തിരികെ ചോദിച്ചു ചെന്ന അൽ അമീനോട് പണി തരുമെന്ന ഭീഷണിയായിരുന്നു മറുപടിയെന്നാണ് ആരോപണം. പണം ചോദിച്ച് വീട്ടിലേക്ക് ചെന്നാല്‍ പട്ടിയെ തുറന്ന് വിടുമെന്നും ആർടിഒ ജഴ്‌സൺ ഭീഷണിപ്പെടുത്തി.
നിയമനടപടിക്ക് മുതിർന്നെങ്കിലും ഭയം കാരണം മുന്നോട്ട് പോയില്ല. ഒടുവില്‍ കൈക്കൂലി കേസില്‍ ആർടിൊ അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് ധൈര്യം സംഭരിച്ച് പൊലീസിനെ സമീപിച്ചതെന്ന് യുവാവ് പറയുന്നു. സസ്പെന്‍ഷനിലായ ആര്‍ടിഒയുടെ എല്ലാ സാമ്പത്തിക ക്രമക്കേടും വിശദമായി അന്വേഷിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.