തിരുവനന്തപുരം : നിയമസഭയിൽ രണ്ടാംദിവസവും വാക്പോര് തുടർന്ന് സ്പീക്കറും പ്രതിപക്ഷ നേതാവും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം സ്പീക്കർ എ എൻ ഷംസീർ സ്ഥിരം തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറച്ചുവെന്ന് പ്രസംഗിച്ച് തുടങ്ങിയ പ്രതിപക്ഷനേതാവ് ഗ്രാന്റ് കിട്ടാത്തതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുകയാണെന്നും പറഞ്ഞു. ഇതിനിടെയായിരുന്നു സ്പീക്കറിന്റെ ഇടപെടൽ.
പ്രസംഗം നീളുകയാണെന്നും, പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം ഒന്നാകെ ബഹളം വെയ്ക്കുകയായിരുന്നു. എന്തു കൊണ്ടാണ് തന്റെ പ്രസംഗം തടസപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തന്നെ തടസപ്പെടുത്തിക്കൊണ്ടു സഭ നടത്തിക്കൊണ്ടുപോകാനാണോ സ്പീക്കർ ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. താന്‍ പ്രസംഗം തടസ്സപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഒമ്പതാം മിനിറ്റില്‍ മാത്രമാണ് ഇടപെട്ടതെന്നും സ്പീക്കര്‍ അറിയിച്ചു.