തിരുവനന്തപുരം: ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് സമീപം ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ റിമാൻഡിൽ..
വെഞ്ഞാറമ്മൂട് ഡിപ്പോയിലെ ബസ് ഡ്രൈവർ കാരേറ്റ് പേടിക്കുളം അമൽ സദനത്തിൽ മധുസൂദനന്റെ (54) പരാതിയിലാണ് നടപടി. ഓട്ടോഡ്രൈവർ കൊല്ലം അലക്കുഴി താഴെ കുന്നത്ത് വീട്ടിൽ അരവിന്ദിനെയാണ് (28) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പോത്തൻകോട് പൂലന്തറ ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് മുന്നിലായിരുന്നു സംഭവം. പോത്തൻകോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൻട്രം ബസാണ് അരവിന്ദ് ഓട്ടോ മുന്നിലിട്ട് തടഞ്ഞത്.
ഡ്രൈവറെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു. ബസിൻ്റെ റിയർവ്യൂ മിറർ അടിച്ചു തകർക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ ഓട്ടോഡ്രൈവറെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു.
ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് നേരത്തെ കേസുകളൊന്നുമില്ലെന്നും പെട്ടന്നുണ്ടായ പ്രകോപനമാകാം അക്രമകാരണമെന്നും പൊലീസ് പറയുന്നു.