ഡൽഹിയിലെ ബിജെപി വിജയം: പിന്നാലെ മുസ്തഫാബാദ് മണ്ഡലത്തിന്‍റെ പേര് ശിവവിഹാർ എന്ന് പ്രഖ്യാപിച്ചു എംഎൽഎ

ഡൽഹി: 27 വർഷങ്ങൾക്ക് ശേഷം ഡൽഹി ഭരണം പിടിച്ചെടുത്ത ബിജെപി സർക്കാരിന്‍റെ ആദ്യ നീക്കം മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ. ഡൽഹി മുസ്തഫാബാദ് മണ്ഡലം ഇനി അറിയപ്പെടുക ശിവപുരി എന്നോ ശിവവിഹാർ എന്നോ ആക്കി മാറ്റുമെന്ന് ബിജെപി എംഎൽഎ മോഹൻ സിങ് ബിഷ്ട് പ്രഖ്യാപിച്ചു.

2020ലെ ഡൽഹി കലാപത്തിൽ മുസ്തഫാബാദ് മണ്ഡലമായിരുന്നു ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. പൗരത്വ ഭേദഗതി നിയമം (CAA) നടപ്പിലാക്കിയതിനെത്തുടർന്ന് നിരവധി വീടുകളും കടകളും മതസ്ഥാപങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ നിരവധി പേരുടെ ജീവനാണ് അന്ന് നഷ്ടമായിരുന്നത്.

"ഔദ്യോഗിക കണക്കുകള്‍ പ്രകാരം 45 ശതമാനം മുസ്ലിങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍, ഞാന്‍ എവിടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം മുസ്ലിങ്ങള്‍ 60 ശതമാനവും ഹിന്ദുക്കള്‍ 40 ശതമാനവുമാണെന്ന് കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരു സെന്‍സസ് നടത്തുകയും മുസ്തഫാബാദിന്‍റെ പേര് ശിവ് വിഹാര്‍ എന്നോ ശിവപുരി എന്നോ മാറ്റുകയും ചെയ്യും'' എന്നാണ് മോഹൻ സിങ് ബിഷ്ട് പറഞ്ഞത്.

മുസ്തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകള്‍ ഇവിടെ വന്ന് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി സർക്കാർ രൂപീകരണം അടക്കമുള്ള ചർച്ചകളും സജീവമാണ്. ​സർക്കാർ രൂപീകരിക്കാനുളള ഭൂരിപക്ഷമുണ്ടന്ന് കാട്ടി ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ​ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. 48 എംഎൽഎമാർക്കൊപ്പം ​ഗവർണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്.

എന്നാൽ ചർച്ചകൾ സജീവമായെങ്കിലും ആരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിക്കാതെ ഇരിക്കുകയാണ്. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്.
أحدث أقدم