ചെങ്ങന്നൂര്‍: പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ മധ്യവയസ്‌കന്‍ നാട്ടില്‍ തിരികെ എത്തിയില്ലെന്ന് പരാതിയുമായി കുടുംബം.
ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ ജോജു വി.എസ് (42) നെയാണ് കാണാതായതെന്ന് കാണിച്ച് മകള്‍ ചെങ്ങന്നൂര്‍ പൊലിസിന് പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടെ പോയ സുഹൃത്തില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന് ലഭിച്ചില്ല.
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നു വരുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാനായി അയല്‍ക്കാരനായ കുടുംബ സുഹൃത്തിനൊപ്പം ഇക്കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ജോജു പ്രയാഗിലേക്ക് പോയത്.
അന്നേ ദിവസം രാത്രി 10.30നും പിറ്റേന്നും ചെങ്ങന്നൂരിലെ കുടുംബ വീട്ടില്‍ നിന്നു വിവരങ്ങള്‍ തിരക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
12ന് ജോജു മറ്റൊരു ഫോണില്‍ വീട്ടിലേക്ക് വിളിച്ച് തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും ഒപ്പമുള്ള അയല്‍ക്കാരനായ കുടുംബ സുഹൃത്തിന്റെ ഫോണിലാണ് വിളിക്കുന്നതെന്നും തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്‌നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചതായും 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നും അറിയിച്ചു.
ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കില്ല. അതേ സമയം ജോജുവിനെ കൂട്ടിക്കൊണ്ടു പോയ അയല്‍വാസി 14നു നാട്ടിലെത്തുകയും ചെയ്തു.
ഇതറിഞ്ഞ ജോജുവിന്റെ കുടുംബം അയല്‍വാസിയെ സമീപിച്ച് വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ജോജിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.
ജോജുവും താനും ഒരുമിച്ച് പ്രയാഗില്‍ എത്തി കുംഭമേളയില്‍ പങ്കെടുത്ത ശേഷം അവിടുന്ന് കുറച്ചകലെയുള്ള 'ഇറ്റാര്‍സി ' യിലെ താമസ സ്ഥലത്തു തിരിച്ചെത്തിയിരുന്നുവെന്നും എന്നാല്‍ അതിനിടെ തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നും കുംഭമേളയ്ക്ക് എത്തിയിരുന്നതായും അവരെ കൂട്ടി താന്‍ പ്രയാഗില്‍ പോയി തിരിച്ചു വരുമ്പോള്‍ ജോജുവിനെ
താമസ സ്ഥലത്തു കണ്ടില്ലെന്നും മറ്റുമുള്ള പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഒപ്പം കൂട്ടിക്കൊണ്ടു പോയ അയല്‍ക്കാരന്‍ പറയുന്നത്.
അതിനിടെ പ്രയാഗിലെ കുംഭമേളയുടെ ഭാഗമായി നദിയില്‍ ഇരുവരും മുങ്ങിക്കളിക്കുന്നത് ഇതേ അയല്‍വാസിയുടെ ഫോണില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്‍ പങ്കെടുത്ത ശേഷം
കാണ്‍മാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലിസിനു പരാതി നല്‍കിയത്.
ജോജുവിനെ പ്രയാഗ് സന്ദര്‍ശനത്തിനിടെ ദുരുഹ സാഹചര്യത്തില്‍ കാണാതായത് സംബന്ധിച്ച് ചെങ്ങന്നൂര്‍ പൊലിസ് അന്വേഷണം നടത്തി വരികയാണ്.
അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ സംഭവം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന്
കുടുംബം അറിയിച്ചു.