കുറവിലങ്ങാട് : വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം പടിഞ്ഞാറേക്കര ഭാഗത്ത് ചേലക്കാപ്പള്ളിൽ വീട്ടിൽ ബിജു സി.രാജു (42) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് 8 മണിയോടുകൂടി വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ ഇവരെ ചീത്ത വിളിക്കുകയും, അവിടെയിരുന്ന ചില്ലു ഗ്ലാസുകൾ എടുത്ത് മധ്യവയസ്കന്റെയും, സുഹൃത്തിന്റെയും നേരെ എറിയുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ മാരായ ശരണ്യ എസ്. ദേവൻ, മഹേഷ് കൃഷ്ണൻ, ജെയ്സൺ അഗസ്ത്യൻ, എ.എസ്. ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ.
Jowan Madhumala
0