കോണ്‍ഗ്രസുകാര്‍ ഒന്ന് മെനക്കെട്ടാല്‍ തളിപ്പറമ്പിലും ജയിക്കാം: കെ സുധാകരന്‍




സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതീനിധികരിക്കുന്ന തളിപറമ്പ് മണ്ഡലത്തിലും കോണ്‍ഗ്രസിന് വേണമെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇന്നലെ നടന്ന തളിപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ശില്‍പശാലയിലാണ് കെ സുധാകരന്റെ ഈ പ്രതികരണം.

കോണ്‍ഗ്രസുകാര്‍ ഒന്ന് മെനക്കെട്ടാല്‍ തളിപ്പറമ്പിലും ജയിക്കാമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് എം വി ഗോവിന്ദന്‍ വീണ്ടും ഈ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്. കോണ്‍ഗ്രസിന്റെ വി പി അബ്ദുല്‍ റഷീദിനെയാണ് എം വി ഗോവിന്ദന്‍ പരാജയപ്പെടുത്തിയത്. 22,689 വോട്ടുകള്‍ക്കായിരുന്നു വിജയം. 2011ലും 2016ലും സിപിഐഎമ്മിന്റെ ജെയിംസ് മാത്യുവാണ് മണ്ഡലത്തില്‍ എംഎല്‍എയായിരുന്നത്. 2011ല്‍ 27,861 വോട്ടുകള്‍ക്ക് വിജയിച്ച ജെയിംസ് മാത്യു 2016ല്‍ ഭൂരിപക്ഷം 40,617ആയി ഉയര്‍ത്തിയിരുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ സരസ്വതി അദ്ധ്യക്ഷയായി. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എം വി പ്രേമരാജന്‍ ശില്പശാല ഡയറക്ടറായിരുന്നു.

أحدث أقدم