കൊച്ചി: കൈക്കൂലിക്കേസിൽ പിടിയിലായ എറണാകുളം ആർടിഒ മൂന്നാറിൽ അടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ് കണ്ടെത്തി. ആർടിഒ ആയിരുന്ന ജേഴ്സന്‍റെ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്‍റെ വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചത്. കുടുംബാംഗങ്ങളുടെ പേരിലും ഇയാൾ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്.
അതേസമയം, ജേഴ്സന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ജാമ്യപേക്ഷയും പരിഗണിക്കും.
ബസ് റൂട്ട് പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ജേഴ്സനെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍റ് ചെയ്തത്. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്‍റുമാരെ വച്ച് പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.
മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് ജേഴ്സണ്‍ കൈക്കൂലി ചോദിച്ചത്. ജേഴ്സണ്‍, രണ്ടാം പ്രതി സജേഷ്, രാമപടിയാർ എന്നിവർ ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.