യാത്രക്കാര്‍ക്കുമുന്നില്‍ മൊബൈല്‍ ഫോണും ഗൂഗിള്‍ പേയും ക്യു.ആര്‍.കോഡും നീട്ടി ഭിക്ഷാടനം !! രണ്ട് സ്ത്രീകൾ പിടിയിൽ
ഇത്തരത്തില്‍ ഭിക്ഷാടനം നടത്തിയ രണ്ട് നാടോടിസ്ത്രീകളെ വെള്ളിയാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ സംരക്ഷണസേന പിടികൂടി.
ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കര്‍ണാടക സ്വദേശിനിയുമാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്ക്ക് മുന്നില്‍ ക്യു.ആര്‍.കോഡുകാട്ടി ഭിക്ഷാടനം നടത്തുകയായിരുന്നു ഇവര്‍. ക്യൂ ആര്‍ കോഡു വഴി ലഭിക്കുന്ന പണം ഇവരുടെ സ്‌പോണ്‍സര്‍മാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.സന്തോഷ് പറഞ്ഞു. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റന്‍പതോളം കാര്‍ഡും ക്യു.ആര്‍.കോഡും 250 രൂപയും ഇവരില്‍നിന്ന് കണ്ടെത്തി.
ലക്ഷ്മി ആറുമാസം പ്രായമായ കുട്ടിയെ ശിശുഭവനത്തില്‍ ഏല്‍പ്പിച്ചശേഷമാണ് ഡിജിറ്റല്‍ ഭിക്ഷാടനത്തിനിറങ്ങിയത്. പുതിയ നിയമപ്രകാരം ഇത്തരക്കാര്‍ക്കെതിരേ കേസെടുക്കാനാകാത്തതിനാല്‍ ഇവരെ റെയില്‍വേപരിസരത്തുനിന്ന് പുറത്താക്കുകയാണ് ആര്‍.പി.എഫ്. ചെയ്യുന്നത്.