തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസലർക്കെതിരേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിനിടെ സംഘർഷം. വൈകിട്ട് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമലിനെതിരേ ബാനറുയർത്തി സർവകലാശാലാ കവാടത്തിനു മുന്നിൽ ഉപരോധം നടത്തിയ പ്രവർത്തകരെ പൊലിസ് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പ്രവർത്തകരിൽ ചിലർ പൊലീസ് വാഹനത്തിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ വാഹനം സർവകലാശാലാ കവാടത്തിനു മുന്നിൽ പ്രവർത്തകർ തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. സർവകലാശാലയ്ക്കു മുന്നിൽ കുത്തിയിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചു. പിന്നീട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.
വൈസ് ചാൻസലറെ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനോട് ഉപമിക്കുന്ന ചിത്രം പതിച്ചും വിസിയെ കാണ്മാനില്ല എന്ന പരിഹാസ വാചകം കുറിച്ചുമാണ് സമരക്കാർ ബാനർ ഉയർത്തിയത്. പിന്നാലെ സർവകലാശാലാ ആസ്ഥാനത്ത് കെട്ടിയുയർത്തിയ സമരപ്പന്തൽ പൊലിസ് പൊളിച്ചുനീക്കി.
സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 4 മാസമായിട്ടും യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാൻസിലർ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. സമരം തുടങ്ങി 7 ദിവസം പിന്നിട്ടതിനു ശേഷമാണ് പൊലീസ് നടപടി. സമരം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.
കഴിഞ്ഞ ദിവസം വൈസ് ചാൻസിലറുടെ ചേംബറിലേക്ക് എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തുകയും വിഷയത്തിൽ വിസി രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പന്തൽ പൊളിച്ചെങ്കിലും സമരം തുടരാനാണ് എസ്എഫ്ഐ തീരുമാനം.