വാടക കുടിശ്ശികയെ ചൊല്ലിയുള്ള തർക്കം; തൃശൂരിൽ മാവേലി സ്റ്റോറിന് പൂട്ടിട്ട് കെട്ടിട ഉടമ




വാടക കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിൽ തൃശൂരിൽ മാവേലി സ്റ്റോറിന് പൂട്ടിട്ട് കെട്ടിട ഉടമ. താന്ന്യം പഞ്ചായത്തിലെ കിഴുപ്പിള്ളിക്കരയിൽ സപ്ലൈകോയുടെ കീഴിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറാണ് വാടക തർക്കത്തെ തുടർന്ന് കെട്ടിട ഉടമ താഴിട്ട് പൂട്ടിയത്. ഒടുവിൽ അന്തിക്കാട് പൊലീസ് ഇടപെട്ടതോടെ ഉടമ തന്നെ പൂട്ട് തുറന്നു കൊടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.

മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന മുറിയുടെ വാടക സംബന്ധിച്ച് കെട്ടിട ഉടമയും സപ്ലൈക്കോയും തമ്മിൽ തർക്കം നില നിന്നിരുന്നു. രണ്ട് വർഷത്തിലധികമായി ഉടമക്ക് വാടക ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. വാടക കുടിശ്ശിക തീർക്കാനായി പല അവധി കൊടുത്തെങ്കിലും പരിഹാരമാകാത്തതിനാൽ ഉടമ സപ്ലൈക്കോക്ക് വക്കീൽ നോട്ടീസും അയച്ചിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല.

ഇതോടെയാണ് കഴിഞ്ഞ ദിവസം പ്രവർത്തി സമയം കഴിഞ്ഞ് മാവേലി സ്റ്റോറിലെ ജീവനക്കാർ പൂട്ടിയ ലോക്കിനടുത്ത് മറ്റൊരു ലോക്ക് ഇട്ട് ഉടമ പുട്ടിയത്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ സാധനങ്ങൾ വാങ്ങാനായി ആളുകളുമെത്തി. ഒടുവിൽ അന്തിക്കാട് പൊലീസ് ഇടപെട്ടതോടെ കെട്ടിട ഉടമ സ്ഥലത്തെത്തി പൂട്ട് തുറന്നു നൽകുകയായിരുന്നു.
أحدث أقدم