കുവൈത്തിൽ വ്യാപക മഴ; ഡ്രൈവിങ്ങിൽ കരുതൽ വേണം


കുവൈത്ത് സിറ്റി കാലവർഷ പ്രതീതി സൃഷ്ട‌ിച്ച് കുവൈത്തിൽ പരക്കെ മഴ.ചില സ്‌ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയാണ് പെയ്‌തത്‌. ചൊവ്വാഴ്‌ച വൈകിട്ട് ആരംഭിച്ച മഴ വ്യത്യസ്ത പ്രദേശങ്ങളിലായി ഇന്ന് രാവിലെ വരെ തുടരുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു കിഴക്കൻ കാറ്റും മഴയും മൂടൽമഞ്ഞും മൂലം കുവൈത്തിൽ താപനില കുറഞ്ഞ് തണുപ്പു കൂടി.
നഗരത്തിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും ദൃശ്യപരിധി കുറഞ്ഞത് ഗതാഗതം മന്ദഗതിയിലാക്കി. മണിക്കൂറുകളെടുത്താണ് പലരും ലക്ഷ്യത്തിലെത്തിയത്. മഴ തുടരുന്ന സാഹചര്യത്തിൽ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനമോടിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കുക, ടയറുകളും വിൻഡ് ഷീൽഡ് വൈപ്പറുകളും പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
أحدث أقدم