രഞ്ജി ട്രോഫി ഫൈനല്‍; കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു



രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡില്ല. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ മൂന്നാം ദിനം കേരളം 342ന് എല്ലാവരും പുറത്തായി. വിദര്‍ഭയ്ക്ക് 37 റണ്‍സിന്‍രെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. നാളെ വിദര്‍ഭ  ബാറ്റിംഗിനെത്തും. സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംപ്യന്‍മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.

മൂന്നിന് 131 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഇന്ന് സര്‍വാതെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. വ്യക്തിഗത സ്‌കോറിലേക്ക് 13 റണ്‍സ് കൂടി ചേര്‍ത്താണ് സര്‍വാതെ മടങ്ങുന്നത്. ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മലേവാറിന് ക്യാച്ച് നല്‍കിയാണ് മടക്കം. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ സച്ചിന്‍ ബേബി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ലഞ്ചിന് മുമ്പുള്ള അവസാന പന്തില്‍ സല്‍മാന്‍ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ഹര്‍ഷ് ദുബയെുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും (34) അധികനേരം ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചില്ല.  എന്നാല്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. പാര്‍ത്ഥ് രെഖാതെയ്‌ക്കെതിരെ സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം. അതുവരെ ശാന്തമായി കളിച്ച സച്ചിന്‍ ബേബി 10 ബൗണ്ടറികള്‍ നേടിയിരുന്നു. 

أحدث أقدم