ശബ്‍ദം കേട്ട് ഉണർന്ന സുലൈമാൻ ഫോൺ എടുക്കാൻ നോക്കിയപ്പോൾ കാണാനില്ല. ലൈറ്റ് ഇട്ടപ്പോൾ ഹാളിൽ ഒരാളെ കണ്ടു. ഭാര്യ ആയിഷയും സുലൈമാനും ഇയാളെ പിടികൂടാൻ ശ്രമിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. ഇതോടെ വർക്ക് ഏരിയയിലേക്ക് മോഷ്ടാവ് ഓടി. അടുക്കള വാതിൽ കുറ്റിയിട്ടെങ്കിലും ഉലക്ക കൊണ്ട് അത് തകർത്ത് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഓടി എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ഓടിയ കള്ളൻ വീണത് ഒരു ചതുപ്പിലാണ്. അവിടെ നിന്ന് കരകയറി നേരെ അടുത്തുള്ള താമസ സ്ഥലത്തേക്ക് പോയി.
ഇതര സംസ്ഥാന തൊഴിലാളികളിൽ ആരെങ്കിലും ആവും എന്ന സംശയമായിരുന്നു നാട്ടുകാർക്ക്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അടുത്തുള്ള ക്വാട്ടേഴ്സിലെ അഞ്ച് പേരെ ചോദ്യം ചെയ്തെങ്കിലും എല്ലാവരും കുറ്റം നിഷേധിച്ചു. എന്നാൽ വസ്ത്രങ്ങൾ കൊണ്ടുവരാൻ പറഞ്ഞതോടെ സദാം ഹുസൈൻ കുടുങ്ങി. ചളി പുരണ്ട വസ്ത്രം കണ്ടതോടെ കള്ളി പൊളിയുകയായിരുന്നു. രണ്ട് മൊബൈൽ ഫോണും വലിയ മാലയും അഞ്ച് വളയും രണ്ട് കമ്മലും ഇയാളുടെ കയ്യിലുണ്ടായിരുന്നു. സുലൈമാന്‍റെ വീടിനടുത്തു ഇയാൾ കഴിഞ്ഞയാഴ്ച ജോലി ചെയ്തിരുന്നു. അന്ന് ആഭരണങ്ങൾ അണിഞ്ഞു വീട്ടുകാരി വരുന്നത് കണ്ടാണ് മോഷ്ടിക്കാൻ കയറിയത്. എന്നാൽ എല്ലാം മുക്കുപണ്ടമെന്ന് മാത്രമെന്ന് കള്ളൻ അറിഞ്ഞില്ല