പത്തനംതിട്ട: പത്തനംതിട്ടയിൽ പാതിരാത്രി യാത്രക്കാരെ പൊലീസ് മർദിച്ച കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. പൊലീസ് അതിക്രമം, ബാറിൽ ബഹളമുണ്ടാക്കൽ എന്നീ കേസുകളാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണ സംഘത്തിന്‍റെ തലവൻ.
ഫെബ്രുവരി 4ന് അടൂരിൽ വിവാഹ സത്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദനമേറ്റത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ബാറിനു മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പൊലീസ് പകരം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ വിശ്രമിക്കാന്‍ നിന്നവരെയാണ് മര്‍ദിച്ചത്. ആളുമാറിയാണു മര്‍ദനം എന്നു തന്നെയായിരുന്നു പൊലീസിന്‍റെ അനൗദ്യോഗിക വിശദീകരണം.
അബാന്‍ ജംഗ്ഷനിലെ ബാറിനു സമീപം അടിപിടി നടക്കുന്നതായി സ്റ്റേഷനില്‍ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയത്. എന്നാൽ പൊലീസ് സംഘം ചെന്നപ്പോള്‍ ഒരു യുവതിയും 4 പുരുഷന്മാരും ചേര്‍ന്ന് ബാറിന് മുന്നില്‍നിന്ന് സെല്‍ഫി എടുക്കുന്നതാണ് കണ്ടത്.
അതിനിടെ ഹെല്‍മറ്റ് ധരിച്ച 2 പേര്‍ ഓടിപ്പോകുന്നതും കണ്ടു. ഇതോടെ ബാറിന് മുന്നില്‍നിന്നവർ അടിപിടി സംഘത്തിലുള്ളവരാണെന്ന് കരുതിയാണു മര്‍ദിച്ചതെന്നാണു പറയുന്നത്. എസ്ഐ ജിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മർദിച്ചത്. ഇതിനു പിന്നാലെ എസ്ഐ ജിനുവിനെ സസ്പെൻഡ് ചെയ്തിരുന്നു.