ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന രീതിയെ വിമർശിച്ച് സുപ്രീംകോടതി. എല്ലാം സൗജന്യമായി ലഭിക്കുന്നതിനാൽ ആളുകൾക്ക് ജോലിക്ക് പോവാനുള്ള താത്പര്യം കുറയുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഡൽഹിയിൽ വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു, പണം ലഭിക്കുന്നു. നിർഭാഗ്യവശാൽ, ഈ സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറല്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു. ജനങ്ങളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ കരുതലും താത്പര്യവും അഭിനന്ദനാർഹമാണ്. എന്നാൽ ജനങ്ങളെ മുഖ്യധാരയുടെ ഭാഗമാവാനും രാജ്യത്തിന്‍റെ വികസനത്തിൽ നിന്നും മാറിനിൽക്കാൻ അവസരമുണ്ടാക്കാതെ അതിൽ പങ്കാളികളാവാനും അനുവദിക്കുന്നതല്ലെ നല്ലതെന്ന് കോടതി ചോദിച്ചു.
അതേസമയം, ഡൽഹിയിൽ മൂന്നു ലക്ഷം പേർ തെരുവിൽ ഉറങ്ങുന്നു എന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞതിനെ കേന്ദ്ര സർക്കാർ എതിർത്തു. നഗരത്തിലെ ഭവനരഹിതർക്ക് വീടുകൾ അനുവദിക്കുന്നതിനുള്ള നഗര ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ അന്തിമ രൂപത്തിലേക്ക് കേന്ദ്രം കടന്നതായി അറ്റോണി ജനറൽ കോടതിയെ അറിയിച്ചു. വീടില്ലാത്തവരുടെ എണ്ണം പരിശോധിച്ച് കൃത്യമായ കണക്ക് അറിയിക്കാൻ രണ്ടംഗ ബഞ്ച് സർക്കാരിന് നിർദേശം നൽകി.