ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സർക്കാരും നടപടി തുടങ്ങുന്നത്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി.
എന്നാൽ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കൾ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമരം ചർച്ചയാകുന്ന വേളയിൽ, പ്രതിപക്ഷ സംഘടനകൾ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്