പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ അലോയ് വീലുകൾ മോഷ്ടിക്കും; തുടർന്ന് ഫേസ്ബുക്കിൽ പരസ്യം ചെയ്ത് വിൽപ്പന, രണ്ട് പേർ പിടിയിൽ



റോഡരികിൽ കാർ പാർക്ക് ചെയ്‌ത്‌ പോയി മടങ്ങി വരുമ്പോൾ ടയറുകളില്ലാതെ കാറുകൾ കട്ടപ്പുറത്ത് നിൽക്കുന്നത് കാണേണ്ടി വന്ന ഉടമകൾ നിരവധിയാണ് ബംഗളുരുവിൽ. അജ്ഞാത സംഘമെത്തി അലോയ് വീലുകൾ ടയറുകൾ ഉൾപ്പെടെ മിക്കവാറും കൊണ്ടുപോവുകയായിരുന്നു. ജനവാസ റോഡുകളിലായിരുന്നു അരങ്ങേറിയത്. മേഖലകളിലെ ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട്  പരാതികൾ കൂടിയതാടെ അന്വേഷണം നടത്തിയ പൊലീസുകാർ രണ്ട് പേരെ പിടികൂടി.

ജെ.പി നഗർ പൊലീസാണ് റിമ്മുകൾ ഉൾപ്പെടെ 68 ടയറുകളുമായി രണ്ട് യുവാക്കളെ പിടികൂടിയത്. ആർടി നഗർ സ്വദേശിയായ 33കാരൻ ഹൈദർ അലി, ബെൻസൻ ടൗൺ സ്വദേശിയായ വസീം എന്നിവരാണ് പിടിയിലായത്. ഹൈദർ അലി ഒരു സ്പെയർ പാർട്‌സ് കട നടത്തുകയാണ്. വസിം തൊഴിൽ രഹിതനാണ്. ഇവർ പിടിയിലായതോടെ ജെപി നഗർ, സിദ്ധപുര, ജയനഗർ, കെഎസ് ലേഔട്ട്, ബാനസവാടി, വിവി പുരം, മൈക്കോ ലേഔട്ട്, ഗോവിന്ദപുര എന്നിങ്ങനെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ഇരുപതോളം കേസുകൾക്ക് തുമ്പായി.


ഡിസംബർ 21ന് ജെപി നഗർ സ്വദേശിയായ ഒരാളുടെ കാറിൻ്റെ അലോയ് വീലുകൾ നഷ്ടമായ സംഭവത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. വീടിന് സമീപത്ത് ഒരു പരിപാടി നടക്കുന്നതിനാൽ കാർ കുറച്ച് അകലെയായിരുന്നു അദ്ദേഹം പാർക്ക് ചെയ്തിരുന്നത്. പിറ്റേ ദിവസം വന്നപ്പോൾ വീലുകൾ കാണാനില്ല. അലോയ് വീലുകൾക്ക് നല്ല ഡിമാൻഡ് ഉള്ളതും പൊതുകെ റിസ്ക‌് കുറവായതുമാണ് ഈ മോഷണത്തിലേക്ക് തിരിയാൻ കാരണമെന്ന് പ്രതികൾ പൊലീസിനോട് പ റഞ്ഞു.

ആദ്യം ബൈക്കിൽ സഞ്ചരിച്ച് പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ നോക്കിവെയ്ക്കും. അലോയ് വീലുകളുള്ള മതിലുകളോട് ചേർത്ത് പാർക്ക് ചെയ്തതിട്ടുള്ള കാറുകളാണ് ലക്ഷ്യം. പിന്നാലെ കാർ മെക്കാനിക്കുകളെപ്പോലെ ഓംനി വാനിലെത്തും. ടയറുകൾ ഊരിയെടുത്ത് വാനിൽ തന്നെ മുങ്ങും. കാണുന്നവർ വിചാരിക്കുക, ശരിക്കുള്ള കാർ മെക്കാനിക്കുകളാണെന്ന് തന്നെയായിരിക്കും.

എപ്പോഴെങ്കിലും കാർ ഉടമയുടെ മുന്നിൽപ്പെട്ടാലും വഴിയുണ്ട്. പഞ്ചറായ ടയർ ശരിയാക്കാൻ തങ്ങളെ വിളിച്ചു പറഞ്ഞിരുന്നുവെന്നും ഈ കാറാണെന്ന് കരുതി ടയർ അഴിച്ചതാണെന്നും പറഞ്ഞ ശേഷം ക്ഷമ ചോദിച്ച് മടങ്ങും. മോഷ്‌ടിക്കുന്ന അലോയ് വീലുകൾ ഫേസ്ബുക്കിൽ പരസ്യം ചെയ്ത് വിൽക്കുകയായിരുന്നത്രെ പതിവ്. 10,000 മുതൽ 15,000 രൂപ വരെ വിലയുള്ള വീലുകൾ 4000-7000 രൂപയ്ക്കാണ് വിൽക്കുന്നത്.




أحدث أقدم