സ്കൂളുകൾ ലഹരിയുടെ കേന്ദ്രമാകാതിരിക്കാൻ ശ്രദ്ധ വേണം; നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി






'
തിരു:  മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. പോലീസ് ആസ്ഥാനത് ചേർന്ന അവലോകന യോഗത്തിലാണ് ഡിജിപിയുടെ നിർദേശം. സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകിയിട്ടുണ്ട്. 


 മയക്കുമരുന്ന് കേസുകളില്‍ ആദ്യ പത്തുദിവസത്തെ അന്വേഷണം നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്നും സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇതിനായി ജില്ലാതലങ്ങളില്‍ ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സുമായി സംയോജിച്ചു പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. 


 2024ൽ സംസ്ഥാനത് പിടികൂടിയത് 4500 കിലോ കഞ്ചാവും, 24 കിലോ എംഡിഎംഎയും. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കൈവശം വെച്ചതിനും കടത്തിക്കൊണ്ടുവന്നതിനും 258 കേസുകളിൽ 239 കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളതും 565 പ്രതികളെ അറസ്റ്റ് ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ അനുദിനം വർധിച്ചു വരികയാണെന്നും മറ്റു കുറ്റകൃത്യങ്ങൾ അനേഷിക്കുന്നതിലുള്ള അതേ ജാഗ്രത സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലും വേണമെന്നും കുറ്റവാളികൾ ശിക്ഷിപ്പെടാത്ത ഓരോ കേസുകളും ജില്ലാ പോലീസ് മേധാവികൾ പ്രത്യേകമായി പരിശോധിക്കേണ്ടതാണെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. അവലോകനയോഗത്തിൽ എ.ഡി.ജി.പിമാർ, സോൺ ഐ.ജിമാർ, ഐ.ജി ട്രാഫിക്, റേഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവർ പങ്കെടുത്തു.


أحدث أقدم