കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്



വയനാട് കുറിച്യാട് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കടുവയുമായുള്ള ഏറ്റുമുട്ടലിൽ തന്നെയാണ് കടുവകൾ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകൾ ജഡത്തിൽ കണ്ടെത്തുകയായിരുന്നു. അതേസമയംം, കടുവകൾ ഇണ ചേരുന്ന സമയത്തുള്ള ആക്രമണങ്ങൾ പതിവാണെന്ന് വനംവകുപ്പ് പറയുന്നു. കടുവകൾ ചത്തതിനെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.  കുറിച്യാട് രണ്ട് കടുവകളെയും വൈത്തിരി കൂട്ടമുണ്ടയില്‍ ഒരു കടുവ കുഞ്ഞിനെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കുറിച്യാട് ഒരു ആണ്‍ കടുവയുടേയും പെണ്‍കടുവയുടെയും ജഡമാണ് കണ്ടെത്തിയത്. വൈത്തിരി കൂട്ടമുണ്ട സബ്സ്റ്റേഷന് സമീപം കണ്ടെത്തിയ ജഡ‍ം കടുവ കുഞ്ഞിന്‍റേതായിരുന്നു. ഇതിന് മൂന്ന് ആഴ്ചയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. നോർത്തേണ്‍ സിസിഎഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഏറ്റുമുട്ടലിലാണ് കടുവകൾ ചത്തതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. 

أحدث أقدم