ചേർത്തലയിലെ വീട്ടമ്മയുടെ മരണത്തിൽ അസ്വാഭാവികത; കല്ലറ തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു



ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചേർത്തല മുട്ടം പണ്ടകശാല പറമ്പിൽ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. അച്ഛന്റെ മർദനമേറ്റാണ് മരണമെന്ന് മകൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണമാരംഭിക്കുന്നത്. സജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്കാരം നടത്തിയത്. അസ്വാഭാവിക മരണത്തിന് നേരത്തെ കേസെടുത്തിരുന്നു. അമ്മയെ അച്ഛൻ മർദിക്കുന്നതിന് മകൾ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് സജി മരിക്കുന്നത്. ജനുവരി 8നാണ് ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്ന് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെക്ക് എത്തിക്കുന്നത്. എന്നാല്‍ അച്ഛന്‍റെ മര്‍ദനത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് സജിയെ എത്തിക്കുന്നതെന്ന് മകള്‍ പറഞ്ഞിരുന്നില്ല. പകരം സ്റ്റെയറില്‍ നിന്ന് വീണതെന്നാണ് പറഞ്ഞത്. അമ്മയുടെ ചികിത്സയായിരുന്നു മക്കള്‍ക്ക് പ്രധാനം. ഒരുമാസത്തോളമാണ് സജി വെന്‍റിലേറ്ററില്‍ കഴിഞ്ഞത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സജി മരണത്തിന് കീഴടങ്ങുന്നത്. 

കഴിഞ്ഞ ഞായറാഴ്ച സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷം പിതാവ് മകളെ ഭീഷണിപ്പെടുത്തിയതായി കുടുംബം വെളിപ്പെടുത്തുന്നു. തുടര്‍ന്നാണ് മകള്‍ പരാതി നല്‍കുന്നത്. അമ്മയെ മര്‍ദ്ദിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും മകള്‍ പൊലീസിനെ അറിയിച്ചു. ബലമായി പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിക്കുന്നതടക്കമുള്ള അതിക്രൂര മര്‍ദനങ്ങള്‍ അമ്മ  നേരിട്ടതായി മകള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മകളുടെ പരാതിയും സജിയുടെ ഭര്‍ത്താവ് സോണിയുടെ മൊഴിയും പൊലീസ് പരിശോധിക്കും. 

രണ്ട് മക്കളാണ് സജിക്കുള്ളത്. മകന്‍ വിദേശത്താണ്. സോണിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക. ഇതിന് ശേഷം മാത്രമേ എത്രത്തോളം മര്‍ദനം സജി നേരിട്ടതായി അറിയാന്‍ കഴിയൂ. അതിന് ശേഷമായിരിക്കും പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുക. അതേ സമയം  സോണിയുടെ സ്ത്രീകളുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് സജിയെ മര്‍ദിച്ചിരുന്നതെന്ന് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 

أحدث أقدم