കോട്ടയം ജില്ലയിലെ പാതയോര സൗന്ദര്യവൽക്കരണം: പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ





കോട്ടയം :  'പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം. വലിച്ചെറിയൽ മുക്തവുമായിരിക്കണം.' ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി. ജില്ലയിലെ  പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട നഗരസഭാ പരിധികളിലുളള സ്‌കൂൾ പ്രഥമാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മറ്റ് നഗരസഭാ പരിധികളിലെ സകൂളധികൃതരുടെ  യോഗം കഴിഞ്ഞദിവസം കളക്ടർ വിളിച്ചുചേർത്തിരുന്നു.
 ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തങ്ങൾക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ സ്‌കൂൾ അധികൃതർ വിശദീകരിച്ചു. വിദ്യാലയങ്ങളുടെ മുൻപിലൂടെ കടന്നുപോകുന്ന റോഡിന്റെ അരികുകൾ വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന്  ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിലേക്കുള്ള കവാടങ്ങൾ ആരെയും ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റണം. റോഡിൽ തുപ്പുന്നതിനെതിരെയും ബോധവത്കരണം വേണം. പദ്ധതിയുടെ ഭാഗമായി നടുന്ന ചെടികൾ വേനൽക്കാലത്ത് നനയ്ക്കുന്നതിന് നഗരസഭകളുടെ സഹായം ലഭ്യമാക്കുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേർത്തത്. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടമടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. മാർച്ച് രണ്ടാംവാരത്തോടെ തുടങ്ങി മേയിൽ പൂർത്തിയാക്കുന്ന തരത്തിലാണ് ആലോചനകൾ നടക്കുന്നത്.
യോഗത്തിൽ തദ്ദേശ സ്വയം ഭരണവകുപ്പു ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ  ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ മാത്യു എന്നിവർ പങ്കെടുത്തു.



أحدث أقدم