കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ‍്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ‍്യാർഥികളെ ക‍്യാംപസിൽ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അമിത് റാവൽ, പി.കെ. ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്‍റെതാണ് നടപടി. പ്രവേശനത്തിന് അനുമതി നൽകികൊണ്ടുള്ള സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്. പതിനെട്ട് വിദ‍്യാർഥികളുടെ പ്രവേശനമാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
മണ്ണൂത്തി ക‍്യാംപസിൽ പ്രവേശനത്തിന് അനുമതി നിഷേധിച്ച സർവകലാശാല ഉത്തരവിനെതിരേയായിരുന്നു 18 വിദ‍്യാർഥികളും സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. പ്രവേശനം നൽകിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ‍്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. പിന്നാലെ സിദ്ധാർഥന്‍റെ മാതാവ് എം.ആർ. ഷീബ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് ശേഷമാണ് 18 വിദ‍്യാർഥികളുടെയും പ്രവേശന നടപടി തടഞ്ഞത്.