കോൺഗ്രസിന് തരൂരിന്റെ മുന്നറിയിപ്പ്.. എനിക്ക് മുന്നിൽ പല വഴികളുമുണ്ട്….



ഇനി അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ ഈ കാര്യങ്ങൾ പറയുന്നത്.കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചിൽ.

കേരളത്തിലെ കോൺഗ്രസിൽ ഒരു ലീഡറുടെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകൾക്കപ്പുറത്തുള്ള പിന്തുണ പാർട്ടിക്ക് കിട്ടണം. തനിക്ക് ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ്. സ്വാധീനം വർധിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെങ്കിൽ പാർട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. തിരുവനന്തപുരം മണ്ഡലത്തിൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ താൻ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഇത് പാർട്ടിക്കപ്പുറത്തുള്ള പിന്തുണ തനിക്ക് കിട്ടുന്നതിന് കാരണമാകുന്നുവെന്നും അത്തരമൊന്നാണ് പാർട്ടിക്ക് 2026 തെരഞ്ഞെടുപ്പിൽ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ട്. ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാർട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം. കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് പ്രവർത്തകർ കരുതുന്നതായും ശശി തരൂർ പറഞ്ഞു. പല സ്വതന്ത്ര ഏജൻസികളും താനാണ് നേതാവാകാൻ യോഗ്യനെന്ന് പ്രവചിച്ചിട്ടുണ്ട്. പാർട്ടിക്ക് വേണമെങ്കിൽ തന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ തനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കരുത്. പുസ്തകമെഴുത്, പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
أحدث أقدم