27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ആരാണ് ഇന്ദ്രപ്രസ്ഥത്തെ നയിക്കുക എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. വിജയിച്ച എംഎല്‍എമാരില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കുക എന്നാണ് റിപ്പോര്‍ട്ട്.
എഎപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച പര്‍വേശ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് പര്‍വേശിന്റെ അട്ടിമറി ജയം. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് വര്‍മ. രണ്ടു തവണ എംപിയായിരുന്നു.
കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ആയിരുന്ന വിജേന്ദര്‍ ഗുപ്തയുടെ പേരും സജീവ പരിഗണനയിലുണ്ട്. രോഹിണി മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയാണ് വിജേന്ദര്‍ ഗുപ്ത വിജയിക്കുന്നത്. മുന്‍ എഎപി നേതാവ് കൈലാഷ് ഗെഹലോട്ട്, മുന്‍ കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിങ് ലവ് ലി, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മനോജ് തിവാരി തുടങ്ങിയ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
അതേസമയം ഉടന്‍ തന്നെ ഉപതെരഞ്ഞെടുപ്പുകള്‍ നേരിടുന്നത് ഒഴിവാക്കണമെന്ന അഭിപ്രായവും ബിജെപി കേന്ദ്ര നേതൃത്വത്തില്‍ സജീവമാണ്. നിയമസഭയിലേക്ക് വിജയിച്ചവരല്ലാതെ, എംപിമാരെയോ മറ്റോ മുഖ്യമന്ത്രിയായി നിയമിച്ചാല്‍ അവരെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കേണ്ടി വരും. പ്രധാനമന്ത്രി ഫ്രാന്‍സ്, അമേരിക്ക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷമാകും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക.