വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്



പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുതലമട സ്വദേശികളായ അർച്ചന (15), ഗിരീഷ് (22) എന്നിവരെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട പത്തിച്ചിറയിലെ വീട്ടിലാണ് അർച്ചന മരിച്ചത്. ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 

മുതലമട ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് അർച്ചന. അർച്ചനയുടെ അമ്മാവൻ്റെ മകനാണ്  22 കാരൻ ഗിരീഷ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അർച്ചനയെ വീടിൻ്റെ ഹാളിനുള്ളിലും ഗിരീഷിനെ ചുള്ളിയാർഡാം മിനുക്കുമ്പാറയിലെ സ്വകാര്യ പറമ്പിലുമാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചോടെ പണി കഴിഞ്ഞെത്തിയ അമ്മ കല്യാണിയാണ് അർച്ചനയെ തൂങ്ങിയ നിലയിൽ കണ്ടത്. രാവിലെ മകൾ ധരിച്ചിരുന്ന വസ്ത്രമല്ല തൂങ്ങി നിൽക്കുമ്പോൾ എന്നാണ് കല്യാണിയുടെ മൊഴി. 
 
ഗിരീഷിൻ്റെ അമ്മ പുഷ്പാമണി മറ്റൊരു സ്ഥലത്താണ് ജോലിയെടുക്കുന്നത്.  22 കാരനായ ഗിരീഷ് സഹോദരി ഗ്രീഷ്മയുടെ മിനുക്കുമ്പാറയിലെ വീട്ടിലാണ് താമസിക്കുന്നത്. മാവിൻ തോട്ടത്തിലാണ്  ഗിരീഷിന് ജോലി. ഇരുവരുടെയും മരണം ആത്മഹത്യ തന്നെയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ ഇരു ആത്മഹത്യയുടെയും കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.  

أحدث أقدم