സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം; അപകടകരമായ രീതിയിൽ ഓടിക്കുന്നതിനിടെ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചു



സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. ഗ്രൗണ്ടിൽ ആളുകള്‍ നിൽക്കെയാണ് അഭ്യാസ പ്രകടനം നടത്തിയത്. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളിലാണ് സംഭവം. ക്ലാസ് കഴിഞ്ഞശേഷമുള്ള സെന്‍റ് ഓഫ് പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഇതിനിടെ ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ഗ്രൗണ്ടിലൂടെ കടന്നുപോകൻ ശ്രമിച്ച അധ്യാപികയും കുട്ടിയും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടത്. കാറുകള്‍ പാഞ്ഞുവരുന്നത് കണ്ട അവര്‍ ഗ്രൗണ്ടിന് പുറത്തേക്ക് മാറി നിൽക്കുകയായിരുന്നു. പൊടിപാറിച്ചുകൊണ്ട് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അപകടകരമായ രീതിയിൽ ഓടിക്കുന്നതിനിടെ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും സമീപത്തായിരുന്നു അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം നടത്തിയത്. വാഹനങ്ങളുമായി വരരുതെന്ന സ്കൂളിന്‍റെ കർശന നിർദേശം ലംഘിച്ചാണ് കുട്ടികളുടെ നടപടി. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാലു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

أحدث أقدم