സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ…


ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം. സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡൽഹിയിലെത്തിയാണ് നേതാക്കൾ അദ്ദേഹത്തെ കണ്ടത്. തരൂർ പരിപാടിക്ക് ആശംസയറിയിച്ചിട്ടുണ്ട്.

മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തരൂർ പരിപാടിയിൽ പങ്കെടുക്കാനുള്ള സാദ്ധ്യത കുറവാണ്. ഈ ദിവസങ്ങളിൽ അദ്ദേഹത്തിന് വേറെ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നാണ് വിവരം.

കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനം വളരെ വിവാദമായിരുന്നു. സംസ്ഥാനം നേടിയ പൊതു പുരോഗതി, സ്റ്റാർട്ടപ്പിൽ ലോകത്ത് തന്നെ മികച്ച പുരോഗതി, നിക്ഷേപ സൗഹൃദ രംഗത്ത് ഒന്നാംസ്ഥാനം എന്നിവയാണ് തരൂർ ദേശീയ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. ഇത് കോൺഗ്രസ് നേതാക്കളിൽ അനിഷ്ടമുണ്ടാക്കുകയും ചെയ്തു.

പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പരസ്യ അഭിപ്രായം രേഖപ്പെടുത്തിയ ശശി തരൂരുമായി ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് തരൂരിന് നിർദ്ദേശം നൽകിയതായാണ് സൂചന. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കൂടാതെയായിരുന്നു ചർച്ചകൾ. ഇതിനുപിന്നാലെയാണ് ഡി വൈ എഫ് ഐ നേതാക്കൾ തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.


أحدث أقدم