കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവതി മരിച്ച സംഭവം; പിതാവിനെതിരെ മകൾ



ആലപ്പുഴ: ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ പിതാവ് സോണിക്കെതിരെ മകൾ. അമ്മയെ കൊലപ്പെടുത്തുകയായിരുന്നു അച്ഛന്റെ ലക്ഷ്യമെന്നാണ് മകൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മകൾ പറഞ്ഞു കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു ചേർത്തല സ്വദേശിനി സജി മരണപ്പെടുന്നത്.

അമ്മയെ കൊലപ്പെടുത്താനാണ് അച്ഛന്‍ ശ്രമിച്ചതെന്ന് മകൾ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും അമ്മയെ ആശുപത്രിയില്‍ എത്തിച്ചിട്ടില്ല. ഒന്നരമണിക്കൂറോളം അമ്മ രക്തം വാര്‍ന്നു കിടന്നുവെന്നും മകൾ ആരോപിച്ചു. പിതാവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും മകൾ പറഞ്ഞു.

അതേസമയം സജിയുടെ കല്ലറ പൊളിച്ച് പൊലീസ് മൃതദേഹം പുറത്തെടുത്തു. അമ്മയെ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന മകളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയ്ക്കായാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

أحدث أقدم