സ്കൂളിലെ ക്ലാസ് മുറിയിൽ കടന്നുവന്ന അപരിചിതനായ വ്യക്തി തന്റെ ശരീരത്തിൽ അജ്ഞാത വസ്തു കുത്തിവെച്ചെന്ന നാലാം ക്ലാസുകാരിയുടെ മൊഴി അനുസരിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മുംബൈയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ് ഇത്തരത്തിലൊരു കാര്യം വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാർ പൊലീസിനെ അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അഞ്ച് സംഘങ്ങൾക്ക് രൂപം നൽകി പൊലീസ് അന്വേഷണം തുടങ്ങി. കുത്തിവെച്ച ശേഷം അജ്ഞാത വ്യക്തി ഉടൻ തന്നെ സ്ഥലത്തു നിന്ന് പോയെന്നും കുട്ടി പറയുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. സംശയകരമായി ആരെങ്കിലും സ്കൂൾ പരിസരത്ത് വരുന്നതോ തിരികെ പോകുന്നതോ ദൃശ്യങ്ങളിൽ കാണുന്നില്ല.
കുട്ടി വീട്ടുകാരോട് ഈ വിവരം പറഞ്ഞപ്പോൾ തന്നെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ ബാന്ദപ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. അപരിചിതമായ വ്യക്തി സ്കൂളിൽ വെച്ച് ഒൻപത് വയസുകാരിയുടെ ശരീരത്തിൽ അജ്ഞാത വസ്തു കുത്തിവെച്ചു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. എന്നാൽ ശാരീരിക-ലൈംഗിക പീഡനങ്ങളൊന്നും നടന്നതായി കുട്ടി പറയുന്നില്ല. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുത്തിവെപ്പ് കൊണ്ട് ശരീരത്തിൽ പ്രത്യേക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.