എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുബം നല്‍കിയ അപ്പീലാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. നിലവിലുള്ള അന്വേഷണസംഘത്തില്‍ ഒരു തരിപോലും വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയില്‍ പറഞ്ഞു. മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം മുതല്‍ സംശയമുണ്ട്.
നവീനിന്‍റെ അടിവസ്ത്രത്തില്‍ രക്തം കണ്ടപ്പോള്‍ അത് മൂത്രത്തിലെ കല്ലാകാമെന്ന് പറഞ്ഞ് തള്ളുകയായിരുന്നു ഡോക്ടര്‍. നവീന്‍റെ മരണത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. നിലവില്‍ പ്രത്യേക അന്വേഷണംസംഘം നടത്തുന്നത് പ്രതികളെ രക്ഷപ്പെടുത്താനുള്ള അന്വേഷണമാണ്. ദിവ്യയുടെയും കണ്ണൂര്‍ കളക്ടറുടെയും പ്രശാന്തിന്‍റെയും ഫോണ്‍കോള്‍ രേഖഖകള്‍ പോലും ശേഖരിച്ചിട്ടില്ലെന്നും നവീന്‍റെ ഭാര്യ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണം നിരസിച്ചിരുന്നു. സിബിഐ ഇല്ലെങ്കില്‍ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചെങ്കിലും അന്വേഷിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ കുടുംബത്തിന്‍റെ ആവശ്യം. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. സത്യം പുറത്ത് കൊണ്ടുവരിക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും ഭാര്യ പറഞ്ഞു. കേസ് ഡയറി ഉള്‍പ്പെടെ കോടതി പരിശോധിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.
എന്നാല്‍ നവീന്‍റെ ഭാര്യ പറഞ്ഞ എല്ലാ രേഖകളും കോടതി പരിശോധിച്ചിട്ടുണെന്നും നിലവില്‍ മികച്ച അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് പിബി സുരേഷ് കുമാറും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി.