ഇടതുസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയാൽ നേതൃസ്ഥാനത്തേയ്ക്ക് പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖം സിപിഐഎമ്മിലില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ ‘ഈഴവർ കറിവേപ്പിലയോ’ എന്ന പേരിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്.
കോടിയേരിയുടെ സൗമ്യഭാവവും പിണറായിയുടെ സംഘാടകമികവും സിപിഐഎമ്മിന് നൽകിയ കരുത്ത് അസാധാരണമായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ന് ആ കരുത്ത് വേണ്ടത്രയുണ്ടോയെന്ന സംശയവും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പ്രകടിപ്പിച്ചിട്ടുണ്ട്. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളർത്തിയെടുക്കാൻ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട്, നിലവിലെ സാഹചര്യത്തിൽ പിണറായി അല്ലാതെ മറ്റൊരാളെ അധികാരമേൽപ്പിക്കേണ്ടി വന്നാൽ ആ തീരുമാനം ഇടതുപക്ഷത്തിൻ്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്.