കോട്ടയത്ത് ഹാൻഡിൽ ലോക്ക് ചവിട്ടി പൊട്ടിച്ച് മൂന്നരലക്ഷത്തിലധികം വിലയുള്ള കെ.ടി.എം ബൈക്കുമായി കടന്ന് കള്ളൻ. ചൊവ്വാഴ്‌ച പുലർച്ചെ 12മണിക്കാണ് കള്ളൻ കോട്ടയം ചൂട്ടുവേലിൽ നിന്ന് ബൈക്കുമായി കടന്നുകളഞ്ഞത്.
കണ്ണൂർ സ്വദേശിയായ അനുസ്യൂത് സത്യന്റെ KL13 AD 1960 നമ്പർ കെ.ടി.എം ആർ.സി 390 ബൈക്കാണ് മോഷണം പോയത്. ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവിന്റെ മോഷണ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. മോഷണത്തിനു മുൻപ് കള്ളൻ പരിസരം നിരീക്ഷിക്കുന്നതും ബൈക്കുമായി കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഹെൽമെറ്റ് വെച്ച് ബൈക്കിനടുത്ത് എത്തിയ കള്ളൻ ചുറ്റുപാടും നിരീക്ഷിക്കുന്നു. ബൈക്കിൻ്റെ ഹാൻഡിൽ ലോക്ക് ചെയ്തതിരിക്കുകയാണ് എന്ന് മനസിലാക്കിയ യുവാവ് ബൈക്കിലേക്ക് കയറിയിരുന്നു. ശേഷം സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ബൈക്കിൽ കയറിയിരുന്ന് ഹാൻഡിലിൽ ആഞ്ഞ് ചവിട്ടി. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ ചവിട്ടിൽ ഹാൻഡിൽ ലോക്ക് പൊട്ടി. ശേഷം ബൈക്കിൽ കയറിയിരുന്ന് ഉരുട്ടിക്കൊണ്ട് പോകുകയായിരുന്നു. വാഹന ഉടമയുടെ പരാതിയിൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.