''മാധ‍്യമങ്ങൾക്ക് മുന്നിൽ എന്നെ കള്ളനാക്കി''; ദേവേന്ദുവിന്‍റെ മരണത്തിൽ പങ്കില്ലെന്ന് ജ്യോത്സ്യൻ



തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ തനിക്ക് പങ്കില്ലെന്ന് ജ്യോത്സ‍്യൻ ശംഖുമുഖം ദേവീദാസൻ. ജ്യോതിഷവുമായി ബന്ധപ്പെട്ട് ദേവേന്ദുവിന്‍റെ അമ്മ ശ്രീതുവിന് മാർഗനിർദേശം നൽകിയിട്ടില്ലെന്നും ദേവീദാസൻ പറഞ്ഞു.

വാഹനവും വീടും വാങ്ങി നൽകാമെന്ന് പറഞ്ഞ് 36 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും ദേവീദാസൻ തള്ളി. തെളിവുകൾ പരിശോധിക്കാനായി മൊബൈൽ ഫോൺ പൊലീസിന് കൈമാറിയിട്ടുണ്ട്. 36 ലക്ഷം താൻ തട്ടിയെടുത്തെന്ന് അവർ പരാതി നൽകിയതിന്‍റെ കാരണം തനിക്കറിയില്ലെന്നും ദേവീദാസൻ പറഞ്ഞു.
ചോദ‍്യം ചെയ്യാൻ വരാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് ബലമായി തന്നെ പിടിച്ചുകൊണ്ടുപോയി. മാധ‍്യമങ്ങൾക്കു മുന്നിൽ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ദേവീദാസൻ.

ഹരികുമാർ തന്‍റെ അടുത്ത് ജോലി ചെയ്തിരുന്നപ്പോൾ ശമ്പളം വാങ്ങാൻ ഹരികുമാറിന്‍റെ അമ്മയും സഹോദരിയും മാസത്തിൽ ഒരു തവണ വരുമായിരുന്നു. മൂന്ന് മാസം തന്‍റെ അടുത്ത് ജോലി ചെയ്ത ഹരികുമാറിനെ പിന്നീട് പറഞ്ഞുവിട്ടു.

കുറ്റക്കാരനല്ലായെന്ന് അറിഞ്ഞിട്ടും മാധ‍്യമങ്ങൾ തനിക്കെതിരേ വേട്ട നടത്തുന്നു. ഇതു തുടർന്നാൽ മാധ‍്യമങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ദേവീദാസൻ പറഞ്ഞു.

ജനുവരി 30ന് ആയിരുന്നു കാണാതായ രണ്ട് വയസുകാരിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത കുട്ടിയുടെ അമ്മാവൻ ഹരികുമാർ റിമാൻഡിലാണ്. ഇതിനു പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവും അറസ്റ്റിലായി.
أحدث أقدم