കെ-റെയ്ൽ: കേന്ദ്രം നിർദേശിച്ച മാറ്റങ്ങൾ കേരളം തള്ളി, പിന്തുണയുമായി ഇ. ശ്രീധരനും



തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന അതിവേഗ റെയ്ൽ പദ്ധതിയായ സിൽവർ ലൈനിന്‍റെ അടിസ്ഥാന ആവശ്യങ്ങളും നിർദേശങ്ങളും മാറ്റാനാകില്ലെന്ന് കെ റെയ്ൽ.

കേന്ദ്ര റെയ്ൽവേ മന്ത്രാലയം ആവശ്യപ്പെട്ട രീതിയിൽ അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താനാകില്ല. അതിവേഗ ട്രെയ്‌നുകൾക്ക് പ്രത്യേക ലൈൻ തന്നെ വേണം. ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണം. വന്ദേ ഭാരത് അടക്കമുള്ള മറ്റു ട്രെയ്നുകൾ ഓടിക്കാൻ കഴിയും വിധം പദ്ധതിയിൽ മാറ്റം വരുത്താൻ കഴിയില്ല- കെ റെയ്ല്‍ റെയ്ൽവേ ബോര്‍ഡിനെ അറിയിച്ചു.

അതിവേഗ വണ്ടിക്ക് വേണ്ടി സില്‍വര്‍ ലൈനിന്‍റെ വിശദ പദ്ധതി രേഖ (ഡിപിആര്‍) ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണം. റെയ്ൽവേ ഭൂമി കൈമാറുന്നതാണ് പ്രശ്‌നമെങ്കില്‍, സില്‍വർ ലൈന്‍ അലൈന്‍മെന്‍റില്‍ മാറ്റം വരുത്താം. അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല. ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണ്- കെ റെയ്ല്‍ അറിയിച്ചു.

അതേസമയം, റെയ്ൽവേ ബോര്‍ഡ് കേരളത്തിനു മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രൊ മാന്‍ ഇ. ശ്രീധരന്‍ കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്ത് നല്‍കി. പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങളാണ് ബോര്‍ഡ് നല്‍കിയതെന്നാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം.

സ്‌റ്റാൻഡേർഡ് ഗേജിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന സിൽവർ ലൈൻ ബ്രോഡ് ഗേജിലേക്ക്‌ മാറ്റണമെന്നാണ് കേന്ദ്ര നിർദേശം. എന്നാൽ ഗേജ് മാറ്റം വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന ശ്രീധരൻ അടക്കമുള്ള വിദഗ്ധരുടെ അഭിപ്രായത്തോട്‌ കേന്ദ്ര നിലപാട് എന്താണെന്ന ചോദ്യത്തോട് റെയ്ൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഒഴിഞ്ഞുമാറിയിരുന്നു.
أحدث أقدم