കൊച്ചി : നഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി.അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഹോൺ വിരുദ്ധ ദിനം ആചരിക്കുന്നത്.
‘നോ ഹോൺ ഡേ’യുടെ ഭാഗമായി കൊച്ചിയിൽ പ്രത്യേക ഊർജിത പരിശോധനകൾ നടക്കും. ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടക്കും. നഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും.