പ്രവാസികൾക്ക് ഇരുട്ടടി: കുവൈത്തിൽ ഏപ്രിൽ മുതൽ സര്‍ക്കാര്‍-പൊതുമേഖലയിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ല ,ആശങ്കയിൽ പ്രവാസ സമൂഹം



കുവൈത്ത്സിറ്റി : സ്വദേശി വൽക്കരണത്തിൻ്റെ  ഭാഗമായി മാർച്ച് 31ന് ശേഷം സർക്കാർ-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകൾ പുതുക്കില്ലെന്ന് സിവിൽ സർവീസ് കമ്മിഷൻ (സിഎസ്‌സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴിൽ വർധിപ്പിക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഉദേശിച്ചുള്ളതാണ് പുതിയ നീക്കം.

നിലവിൽ സർക്കാർ മന്ത്രാലയങ്ങളിലെ ഘട്ടം ഘട്ടമായി വിദേശി തൊഴിലാളികളെ കുറച്ച് കൊണ്ടു വരുന്നതിന് പിന്നാലെയാണ് പൊതുമേഖലയിലടക്കം വിദേശികളുടെ കരാറുകൾ പുതുക്കില്ലെന്ന് നിലപാട്. ഒരോ മന്ത്രാലയത്തിലും നടപ്പാക്കേണ്ട ശതമാനം തീരുമാനിച്ച് സിഎസ്‌സി നൽകിയിട്ടുണ്ട്.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പിഎസിഐ) കണക്കുകൾ പ്രകാരം കുവൈത്ത് സ്വദേശികൾ 4,01,215 എണ്ണമാണ് സർക്കാർ -അർദ്ധസർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. 1,20,502 വിദേശികളും ജോലി ചെയ്യുന്നുണ്ട്. അതായത് വിദേശ ജീവനക്കാർ 23 ശതമാനം വരും. ഇത് കുറച്ച് സ്വദേശിവൽക്കരണമാണ് ലക്ഷ്യം. തീരുമാനം നടപ്പായാൽ ആയിരക്കണക്കിന് വിദേശികളുടെ ജോലിയെ ബാധിച്ചേക്കാം.

എന്നാൽ, യോഗ്യതയുള്ള സ്വദേശികൾ ലഭ്യമല്ലാത്ത മേഖലകളിൽ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവിടെങ്ങളിൽ, തൊഴിൽ വിപണിക്ക് അനുയോജ്യമായ സാങ്കേതിക പരിജ്‌ഞാനം നേടിയെടുക്കാൻ സ്വദേശി യുവതി-യുവാക്കളെ പ്രാപ്‌തരാക്കും. വിദേശികൾ കൂടുതൽ ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. നിലവിൽ 38,829 തൊഴിലാളികളാണുള്ളത്. രണ്ടാമത് വിദ്യാഭ്യാസ മന്ത്രാലയം. ഇവിടെ 27,012,പ്രതിരോധ മന്ത്രാലയം 15,944, ആഭ്യന്തരം, അവ്ഖാഫ് ആൻഡ് ഇസ്ല‌ാമിക് അഫയേഴ്സ് മന്ത്രാലയത്തിലുമായി 11,500-ൽ അധികം വിദേശ തൊഴിലാളികളുണ്ട്.

കൂടാതെ, കുവൈത്ത് എയർവേയ്‌സ് 4,114, കുവൈറ്റ് യൂണിവേഴ്‌സിറ്റി 1,553, കുവൈത്ത് ഓയിൽ കമ്പനി (കെഒസി) 1,448, കുവൈത്ത് നാഷനൽ ഗാർഡ് 1,100 എന്നി പൊതുമേഖലയിലെ ജോലി ചെയ്യുന്നുണ്ട്. ജോലിയക്കായി സ്വദേശികളായ 33,307 പേർ റജിസ്ട്രർ ചെയ്തിട്ടുള്ളതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു.
أحدث أقدم