സമരത്തിന് അമ്മയുടെ പിന്തുണയില്ല..പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ ജനറല്‍ബോഡിക്ക് ശേഷം….


മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരുവിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് യാതൊരുവിധ പിന്തുണയും നൽകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സിനിമാ വ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യ സമരത്തിലേക്ക് വലിച്ചിഴയ്ക്കുക വഴി സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളേയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറല്‍ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാനാവൂ എന്നും യോഗം അറിയിച്ചു.

അതേസമയം മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും അമ്മ സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണ്. അമ്മ അഡ്ഹോക് കമ്മിറ്റി അംഗമായ ജയന്‍ ചേര്‍ത്തലയ്ക്ക് എല്ലാവിധ നിയമ സഹായവും യോഗം വാഗ്ദാനം ചെയ്തു.താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദുപണിക്കര്‍ തുടങ്ങി അന്‍പതോളം താരങ്ങള്‍ അമ്മ യോഗത്തില്‍പങ്കെടുത്തിരുന്നു.


        

أحدث أقدم