കണ്ണൂർ : സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പി പി ദിവ്യയ്ക്ക് വിമർശനം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐഎം അനുശോചിക്കുകയും ചെയ്തു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം.
കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിലാണ് നവീൻ ബാബുവിന് അനുശോചനം അർപ്പിച്ചത്. നവീൻ ബാബുവിൻ്റെ പേര് പ്രത്യേകം പരാമർശിച്ചാണ് അനുശോചനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പി വി ഗോപിനാഥാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. പെട്രോൾ പമ്പിനായി ഗോപിനാഥ് ഇടപെട്ടിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഗോപിനാഥ് ആരോപണം നിരസിച്ചിരുന്നു.