പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ ഇനി ആന എഴുന്നള്ളിപ്പില്ല, പകരം രഥം





കൊച്ചി: എസ്എന്‍ഡിപി യോഗം 1103 ാം നമ്പര്‍ ശാഖയുടെ പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിന് ഇനി ആനയ്ക്ക് പകരം ഭഗവാനെ എഴുന്നള്ളിക്കുന്നത് രഥത്തിലായിരിക്കും. ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠാകര്‍മം നടത്തിയ പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലാണ് ഉത്സവത്തിന് ഇനി ആനയെഴുന്നള്ളിപ്പ് വേണ്ടെന്നുള്ള തീരുമാനം. അതോടൊപ്പം കരിമരുന്ന് പ്രയോഗവും ഉണ്ടാകില്ല.

ഉത്സവങ്ങളില്‍ ആന ഇടഞ്ഞും വെടിക്കെട്ടിലുമൊക്കെയായി മനുഷ്യ ജീവന്‍ പൊലിയുന്നത് ഒഴിവാക്കുന്നതിനും കൂടിയാണ് ഈ തീരുമാനം. അതോടൊപ്പം കരിമരുന്ന പ്രയോഗവും ഉണ്ടാകില്ല. ഇത്തവണ മാര്‍ച്ച് മൂന്നിന് ഉത്സവം കൊടിയേറുകയാണ്. സാധാരണ ഉത്സവ എഴുന്നള്ളിപ്പിന് മൂന്ന് ആനകള്‍ ഇവിടെ ഉണ്ടാകാറുണ്ട്. ഇത്തവണ ഉത്സവത്തിന് ആനയെ പൂര്‍ണമായും ഒഴിവാക്കി.

പകരം രഥത്തില്‍ ഭഗവാന്റെ എഴുന്നള്ളിപ്പ് നടത്താനാണ് ക്ഷേത്ര് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തേക്കിന്‍ തടിയില്‍ കൊത്തുപണികളോടെയുള്ള രഥം ശില്‍പ്പി കൊടുങ്ങല്ലൂര്‍ ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. 17 അടി ഉയരത്തിലുള്ള പ്രധാന രഥം ഉള്‍പ്പെടെ മൂന്ന് രഥങ്ങളാണ് ക്ഷേത്രത്തിലേയ്ക്കായി നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. 59 ലക്ഷം രൂപ മുടക്കിയാണ് രഥങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് ഭാരവാഹികള്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പേ ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിന് ആഡംബര ചെലവുകള്‍ ഒഴിവാക്കിയിരുന്നു. പകരം അങ്ങനെ ഉപയോഗിക്കാറുള്ള തുക കൊണ്ട് നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
أحدث أقدم