കോൺഗ്രസ് എംഎൽഎയുടെ മകൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്



കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദ് ഖാന്‍റെ മകന്‍ അയാന്‍ ഖാനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പതിനെട്ടു വയസ്സുമാത്രമുള്ള അയാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു അയാന്‍. പാറ്റ്നയിലെ ഔദ്യോഗിക വസതിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. രാവിലെ സ്കൂളിലേക്ക് പറഞ്ഞുവിടുന്നതിന് വേണ്ടി വിളിച്ചുണര്‍ത്താന്‍ അമ്മ ചെന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് ടീമും സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മകന്‍ മരിക്കുന്ന സമയത്ത് ഷക്കീല്‍ അഹമ്മദ് ഖാന്‍ ബിഹാറിലെ വസതിയില്‍ ഉണ്ടായിരുന്നില്ല. അയാന്‍ ഖാനെ കൂടാതെ രണ്ടു മക്കളാണ് ഷക്കീല്‍ അഹമ്മദ് ഖാനുള്ളത്. രണ്ടുപേരും ഇംഗ്ലണ്ടില്‍ നിയമ വിദ്യാര്‍ത്ഥികളാണ്. അടുത്ത ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ ഷക്കീല്‍ അഹമ്മദിന്‍റെ വസതിയിലെത്തിയിട്ടുണ്ട്. അയാന്‍റെ ആത്മഹത്യക്ക് പിന്നിലെ കാരണം നിലവില്‍ വ്യക്തമല്ല.

ബിഹാറിലെ കഡ്വ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷക്കീല്‍ അഹമ്മദ് ഖാന്‍. വെസ്റ്റ് ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതലയും അദ്ദേഹത്തിനാണ്.
أحدث أقدم