രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് അവതാരകൻ; അത് കൊടും ചതിയായിപ്പോയെന്ന് പിണറായി


തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച രവി പിളളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് സ്വാഗത പ്രസംഗകനോട് അത് വലിയ ചതിയായി പോയെന്ന് പിണറായി പറഞ്ഞു.

'നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് ഒരു കാര്യം പറഞ്ഞില്ലെങ്കില്‍ അത് ഒരു മോശമായിപോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം ഒന്നും പറയുന്നില്ലെന്ന് പറഞ്ഞു. ഒരുപാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരനല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാലോ?അത് കൊടും ചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്‌നേഹപൂര്‍വം പറയാനുള്ളത്'- പിണറായി പറഞ്ഞു.

പരിഹാസമായിരുന്നെങ്കിലും സംഭവം വേദിയെ ഒന്നടങ്കം ചിരിപടര്‍ത്തി. വേദിയിലിരുന്ന രമേശ് ചെന്നിത്തലയും പരിഹാസത്തെ ചിരിയോടെ നേരിട്ടു. എംപിമാരും എംഎൽഎമാരും അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു.
أحدث أقدم