ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുത്…സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത് ..ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു.



ആലപ്പുഴ: ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്‍റ ശബ്ദ സന്ദേശത്തിൽ പറയുന്നു. 

ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപം. ആലപ്പുഴയിൽ നാളെയാണ് ആശ വർക്കർമാരുടെ കളക്ട്രേറ്റ് മാർച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നത്.

അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകൽസമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തെ നേരിടാൻ സമ്മർദ്ദ തന്ത്രവുമായി സർക്കാർ ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്ന ആശമാരോട് അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാനാണ് നിർദ്ദേശം. ഒപ്പം പണിമുടക്ക് തുടർന്നാൽ പകരം സംവിധാനമൊരുക്കാനും നിർദ്ദേശമുണ്ട്. എന്നാൽ സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ കൂടുതൽ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.


        
أحدث أقدم