കായംകുളം: വാടക വീട്ടിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയത്തിൽ 48 കാരിയായ രാജേശ്വരിയമ്മയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. വാടകക്ക് താമസിച്ചിരുന്ന പുള്ളിക്കണക്കിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.കൊലപാതകമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 58 കാരനായ ഭർത്താവ് ശ്രീവത്സൻ പിള്ളയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. രാജേശ്വരി മരിച്ചതിന് ശേഷം താൻ മരിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ശ്രീവത്സൻ പിള്ള കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അടുക്കളയുടെ മേൽക്കൂരയിൽ ഏണി ഉപയോഗിച്ച് കയറി സാരി കെട്ടിയത് ശ്രീവൽസൻ പിള്ളയായിരുന്നു. തുടർന്ന് കസേരയിട്ട് ഭാര്യയെ കയറ്റി നിർത്തി കഴുത്തിൽ കുരുക്ക് മുറുക്കി കെട്ടിയ ശേഷം കസേര മാറ്റുകയായിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ കറ്റാനം വെട്ടിക്കോട് ഭാഗത്തെ കള്ളുഷാപ്പിൽ നിന്നാണ് പിടികൂടിയത്.
ശാസ്ത്രീയ പരിശോധനകളിലൂടെയാണ് തെളിവുകൾ കണ്ടെത്തിയത്. സി.ഐ അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ്, വിനോദ്, എ.എസ്.ഐ ജയലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.