ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു… പരിക്കേറ്റത് എഴുപതോളം പേർക്ക്…




പട്ടാമ്പി വല്ലപ്പുഴയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറി തകർന്ന് എഴുപതോളം പേർക്കാണ് പരിക്കേറ്റത്. കണക്കിൽ കൂടുതൽ പേർ എത്തിയോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഡിയം നിർമ്മിച്ചത് പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിന്‍റെ അനുമതിയോടെയാണ്. 

ഗ്യാലറി നിർമ്മാണം നിയമങ്ങൾ പാലിച്ചു തന്നെയെന്ന് സംഘാടകരായ കനിവ് സാംസ്കാരിക വേദി വിശദീകരിച്ചു. ടിക്കറ്റ് മുഖേനയാണ് ആളുകളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത്. ഗ്യാലറിയിൽ ഉൾകൊള്ളാനാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തകർന്നു വീണതിന്‍റെ കാരണം വ്യക്തമല്ല. നിയമ നടപടികളുമായി സഹകരിക്കും. നടന്ന സംഭവം ദൗർഭാഗ്യകരമെന്നും സംഘാടക സമിതി പ്രതികരിച്ചു. 

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസമായി നടന്നു വരുന്ന മത്സരമാണ്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി. ഗ്യാലറി പൊട്ടിതുടങ്ങുമ്പോൾ തന്നെ കാണികൾ ചാടി രക്ഷപ്പെട്ടതിനാൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

ഫൈനൽ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ കാണികൾ എത്തി. താങ്ങാവുന്നതിലും കൂടുതൽ ആളുകൾ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പിഡബ്ല്യുഡി ഓവർസിയർ നേരിട്ടെത്തി ഗുണനിലവാരം പരിശോധിച്ച ശേഷമാണ് അനുമതിപത്രം നൽകിയത്. സ്റ്റേഡിയം വലിയ തുകയ്ക്ക് ഇൻഷുർ ചെയ്തിട്ടുണ്ട്.
أحدث أقدم