തിരുവനന്തപുരം: മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരു മരണം. ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരായ ശ്രീറാം (26), ഷാനു (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ആക്കുളം പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഡോക്ടര്‍മാര്‍ ഓടിച്ച അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടനെ മെഡികൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഡോ. അതുലിന്‍റെ അമ്മയുടെ പേരിലുള്ളതാണ് വാഹനം. അപകടത്തില്‍പ്പെട്ട ഇരുവരും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരാണ്. ഇവർ 2 വ്യത്യസ്ത ആശുപത്രികളിൽ ജോലി ചെയ്യുന്നവരാണെന്നും ഇവർ മദ്യലഹരിയിലായിരുന്നു എന്നും പൊലീസ് പറയുന്നു.