കഷണ്ടി തലയുടെ മുന്‍ഭാഗത്തായി സ്ഥാപനത്തിന്‍റെ പേരും വിവരങ്ങളും പതിച്ചുകൊണ്ടുള്ള പരസ്യമാണുള്ളത്. സ്ഥാപനത്തിന്‍റെ ഫോട്ടോഷൂട്ടും മറ്റും കഴിഞ്ഞശേഷം അത് നീക്കം ചെയ്യും. ഇതിനിടെ പരീക്ഷണമെന്ന നിലയിൽ ഈ പരസ്യവുമായി പൊതുയിടത്തിലും പോകാറുണ്ടെന്ന് ഷഫീഖ് പറഞ്ഞു. സാധാരണ കഷണ്ടിക്ക് ഉപകാരമൊന്നും ഇല്ലെന്നാണ് ആളുകളുടെ ചിന്തയെന്നും അങ്ങനെയല്ലെന്ന് കാണിച്ചുകൊടുക്കണമെന്നുണ്ടായിരുന്നുവെന്നും വിദേശത്ത് ഇത്തരത്തിൽ തലയിൽ പരസ്യം ചെയ്യാറുണ്ടെന്നും ഷഫീഖ് പറഞ്ഞു.
ഇവിടെ ഇത്തരമൊരു കാര്യം ആദ്യം കാണിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണിപ്പോള്‍ സാധ്യമായതെന്നും സ്വകാര്യ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുന്നതിനാൽ പരസ്യമേഖലയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അങ്ങനെയാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ഷഫീഖ് പറഞ്ഞു. കളിയാക്കലും പരിഹാസങ്ങളുമൊക്കെ കേട്ടിട്ടുള്ള ഒരാളുടെ റിവഞ്ച് കൂടിയാണിത്.
പലപ്പോഴും കളിയാക്കലുകള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. മലയാളികള്‍ക്ക് കഷണ്ടി വലിയ പ്രശ്നമാണ്. കല്യാണസമയത്തൊക്കെ പെണ്‍കുട്ടിക്ക് കുഴപ്പമില്ലെങ്കിലും വീട്ടുകാര്‍ക്ക് താത്പര്യമുണ്ടാകില്ല. തന്‍റെ ടാറ്റു കണ്ട് മകനും ടാറ്റു അടിക്കണമെന്ന് പറഞ്ഞു നടക്കുന്നുണ്ടെന്നും ദില്ലിയിൽ നിന്നാണ് ഈ ഡിസൈൻ വരുത്തിയതെന്നും ഷഫീഖ് പറഞ്ഞു.
ശരീരം എന്ന് പറയുന്നത് നമ്മുടെ ചോയ്സാണ്. നാളെ കഷണ്ടി മാറ്റണമെന്ന് വിചാരിച്ചാൽ അങ്ങനെ ചെയ്യും. ഇത് കാണുമ്പോള്‍ ചിലരൊക്കെ പണിയെടുത്ത് ജീവിച്ചൂടെ എന്ന് കമന്‍റ് ചെയ്യാറുണ്ട്. അവരോട് ഞാൻ പണിയെടുക്കുന്നുമുണ്ട് ജീവിക്കുന്നുണ്ടെന്നുമാണ് പറയാനുള്ളത്. ചിലര്‍ പോസിറ്റീവായും പ്രതികരിക്കാറുണ്ടെന്നും ഷഫീഖ് പറഞ്ഞു.