നാലു വര്‍ഷത്തിനിടെ കേരളത്തില്‍ പൂട്ടിയത് 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍; കേന്ദ്രം രാജ്യസഭയില്‍




ന്യൂഡല്‍ഹി : കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയെന്ന് കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കാണ് പുറത്തു വന്നത്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472 ചെറുകിട വ്യവസായ സംരംഭങ്ങളാണ് പൂട്ടിയത്. ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരംഭങ്ങളുടെ എണ്ണം. എന്നാല്‍ മഹാരാഷ്ട്രയും ഗുജറാത്തും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കേരളത്തില്‍ കുറവാണ്.

ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു. കേരളത്തിലെ വ്യവസായ രംഗത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നിലപാട് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ കണക്ക് പുറത്തുവന്നത്.
أحدث أقدم